ആമുഖം

ഒരു ആമുഖം വേണമെന്ന് തോന്നി …കാരണം, ലോകത്തിന്റെ പല ഭാഗത്തു നിന്നും പല നേരങ്ങളിൽ ഇവിടെ എത്തുന്ന എല്ലാവരിലേക്കും ബ്ലോഗ് എത്തിപ്പെടും… പക്ഷെ , വെറും രണ്ട് മാസം മുൻപ് മാത്രം ക്ലബ് ഹൌസ് ഇൻസ്റ്റാൾ ചെയ്ത, ഇന്ത്യൻ സമയം കാലത്തും വൈകീട്ടും (കൃത്യമായി പറഞ്ഞാൽ ഓഫീസിൽ പോകുന്ന വഴിയും , തിരിച്ചു വീട്ടിലേക്ക് വരുന്ന വഴിയും )  മുടങ്ങാതെ രണ്ട് നേരം ജീരകമിഠായി കഴിക്കുന്ന എന്നെ, ഇവിടെയുള്ള ബഹുഭൂരിപക്ഷവും അറിയണം എന്നില്ല . അത് കൊണ്ട് തന്നെ "കുറച്ചു" പരിചയം ഉള്ള ചിലരെയെങ്കിലും കുറിച്ച് ഒരു ട്രോൾ / തമാശ കഥ എഴുതി  … "ഇവൻ ആരെടാ" എന്നൊരു ചോദ്യത്തിന് ഇടവരുത്തുന്നില്ല.

ജീവിതം ഒരുപാട് മുന്നോട്ട് പോയി കഴിയുമ്പോ ...ഭൂമിയായും, പണമായും , വസ്തുവകകളായും സമ്പാദിച്ചു ജീവിത വിജയം നേടി എന്ന് കരുതുമ്പോ..... ഒരു മനുഷ്യായുസിന്റെ പകുതിയിൽ കൂടുതൽ ജീവിച്ചു തീർന്നു എന്ന തോന്നലുണ്ടാകുമ്പോ... ഒരിക്കൽ ഒരു സമയം ആകുമ്പോ , മണ്ണിൽ ചവുട്ടി... മണ്ണിന്റെ മണം അറിഞ്ഞു... മണ്ണിൽ കളിച്ചു വളർന്ന നമ്മിൽ പലർക്കും ,പിന്നിട്ട ജീവിത വഴികളിലേക്ക് ഒരിക്കലെങ്കിലും തിരിഞ്ഞു നോക്കാൻ തോന്നും എന്ന് ഞാൻ കരുതുന്നു. രഞ്ജിത്തിന്റെ വാക്കുകൾ കടം എടുത്താൽ, നേടിയതും വെട്ടിപ്പിടിച്ചതും ദാനം കിട്ടിയതും വീണു കിട്ടിയതും സ്വപ്നം കണ്ടതും കണ്ണിൽ കണ്ടതും... എല്ലാത്തിന്റെയും കണക്ക് പുസ്തകവും പിന്നിൽ ഉപേക്ഷിച്ചു ഒന്ന് തിരിഞ്ഞു നോക്കിയാൽ  കാണുന്നത് മുഴുവൻ നൊസ്റ്റാൾജിയ ആയിരിക്കും. 

ഓർമകളുടെ വേലിയിറക്കത്തിൽ ഒരിക്കലും ഡുപ്ലെക്സ് ഫ്ലാറ്റും , ജി വാഗണും , സിംഗിൾ മാൾട്ടും , ബിസിനസ് ക്ലാസ് സീറ്റും , ബിസിനസ് സ്‌കൂളുകളും ഒന്നും ഒന്നും കാണില്ല . ഓർമകളിൽ ആദ്യം തെളിയുന്നത് നിക്കറും പാവാടയും ഇട്ട് സ്‌കൂളിൽ പോയിരുന്ന , ബാലരമക്ക് വേണ്ടി കാത്തിരുന്ന , മഴയത്തു പമ്പരം കൊത്തിയും ഗോലി കളിച്ചും ജീവിച്ച ഒരു കാലഘട്ടം ആയിരിക്കും... ഹൈ പ്രൊഫൈൽ ജീവിത തിരക്കിൽ, സോഷ്യൽ സ്റ്റാറ്റസ് നിലനിർത്താൻ പെടാപാട് നടത്തുന്ന കൂട്ടത്തിൽ സൗകര്യപൂർവം നമ്മൾ മറന്ന ....ഒരു കാലത്ത് നമ്മുടെ ചങ്കായിരുന്ന പലരെയും നമ്മൾ ഓർത്തു പോകും. മഴയും ചായയും ജോൺസൻ മാഷും ട്രെൻഡിങ് ആകുന്നതിന് മുൻപുള്ള കാലം .....ദ 80's . മണ്ണാറത്തൊടിക്കപ്പുറം പത്മരാജൻ മഴയത്തു ക്ലാരയെ  ഇറക്കും മുൻപ് .... മഴയായോ വെയിലായോ കാറ്റായോ മനസ്സിൽ ഒരു പ്രണയം തോന്നാത്ത ആരെങ്കിലും ഉണ്ടാകുമോ ? ആദ്യ പ്രണയം തോന്നിയ ആ മുഖം മറന്നു പോയ ആരെങ്കിലും ഉണ്ടാകുമോ ? ആദ്യ പ്രണയത്തെ തന്നെ ജീവിത സഖി ആക്കിയവർ ഭാഗ്യവാന്മാർ എന്ന് ഒരിക്കലും ഞാൻ പറയില്ല ...... അതിൽ ഒരു ത്രിൽ ഇല്ല. 

വാട്ട്സാപ്പും ഇമെയിലും ട്രെൻഡിങ് ആകുന്നതിന് മുൻപുള്ള കാലം .....ദ 80's. ചങ്കുറപ്പുള്ളവർ പ്രണയം നേരിട്ട് പറഞ്ഞു , ഇത്തിരി കുറഞ്ഞവർ വിദ്യാഭ്യാസ നിലവാരവും വായനാ ശീലത്തിന്റെ അളവും വച്ച് എം ടിക്കും , ഒ എൻ വിക്കും ,മുട്ടത്ത് വർക്കിക്കും പഠിച്ചു. ഒരു പ്രണയ ലേഖനം ആദ്യമായി എഴുതാൻ ധൈര്യം തന്ന സുഹൃത്ത് ,ആദ്യമായി ഒരു സിഗരറ്റ് കൊളുത്തി തന്ന സുഹൃത്ത് , ആദ്യമായി ഒരു പെഗ് ഒഴിച്ച് തന്ന സുഹൃത്ത് , കുട്ടപ്പന്റെ കാന്റീനിൽ പരിപ്പുവടക്ക് 25 പൈസ കൂട്ടിയതിനു പഠിപ്പു മുടക്കി സമരം ചെയ്യാൻ കയ്യിൽ പിടിച്ചു മുന്നിൽ നിർത്തിയ സുഹൃത്ത് ....ശ്വാസം നിലക്കുവോളം മറക്കാൻ കഴിയാത്ത മുഖങ്ങൾ. ജീവിതം ജീരകം പോലെ ഡാർക്ക് ആണെന്ന് കരുതിയ ബാല്യത്തെ.....കളങ്കമില്ലാത്ത സ്നേഹം കൊണ്ട് ചേർത്തി നിർത്തി,  നമ്മുടെ ജീവിതങ്ങളെ ഓർക്കാൻ മധുരമുള്ള അനുഭവങ്ങൾ കൊണ്ട്  പൊതിഞ്ഞ ...... "ജീരകമിഠായികൾ".  ചങ്കിനകത്ത് ലാലേട്ടനെക്കാൾ സ്നേഹിക്കുന്ന സൗഹൃദങ്ങളുടെ ജീരകമിഠായികൾ .

മറ്റ് മിഠായികൾക്ക് ഇല്ലാത്ത ഒരു പ്രത്യേകത ജീരകമിഠായിക്ക് ഉണ്ട്. കളറുകളുടെ ഭംഗി മാത്രം കണ്ടു പുറമെ ഉള്ള മധരം നുണഞ്ഞു തീർത്താൽ, പിന്നെ ജീരകത്തിന്റെ മധുരമില്ലാത്ത ഒരു ചവർപ്പ് അനുഭവപ്പെടും. ഒന്നുകിൽ ചവച്ചു തുപ്പിക്കളയേണ്ടി വരും, അല്ലെങ്കിൽ കഷ്ടപ്പെട്ട് ഇറക്കേണ്ടി വരും .ജീരകത്തിന്റെ ചവർപ്പിനെ ഉൾക്കൊണ്ടു കഴിക്കുമ്പോഴാണ് ജീരകമിഠായി ഒരു മധുരമായി ഓർമകളിൽ എന്നും നിൽക്കുന്നത് .ഒരു കൈപ്പിടി നിറച്ചു ജീരകമിഠായി വാങ്ങുമ്പോ ....പച്ച എനിക്ക് , ചുവപ്പ് നിനക്ക്  , മഞ്ഞ അവന്  എന്നിങ്ങനെ വീതിച്ചു കൊടുത്തിരുന്ന ഒരു കാലം. ചില്ല് കുപ്പിയിൽ പല കളറുകളിൽ ഇന്ന് ഞാൻ കാണുന്ന ജീരക മിഠായികൾക്ക് .....  ഒരിക്കൽ ഓരോ കളറുകൾക്കും ഓരോ മുഖച്ഛായ ഉണ്ടായിരുന്നു. ഇത് വായിച്ചു തീരുന്നിടത്ത് ,ഒരു ജീരകമിഠായി കുപ്പി നിങ്ങളുടെ മനസ്സിൽ തെളിയുന്നുടെങ്കിൽ ...ഇനിയാണ് നിങ്ങൾ ജീരകമിഠായിയുടെ യഥാർത്ഥ രുചി അറിയാൻ തുടങ്ങുന്നത്.

- മനു മാത്യുസ്  


No comments:

Post a Comment

💕Valentine’s Day Celebration - Feb 15, 8 PM IST

IMPORTANT DISCLAIMER We will be writing letters, dedicating songs, and highlighting members throughout the event. If you do not wish to part...