Monday, June 13, 2022

എഗ്ഗ് ഡയറ്റ്

 ക്ലബ്ഹൌസിലെ ഇന്നത്തെ ചർച്ചാവിഷയം നാസിയുടെ എഗ്ഗ് ഡയറ്റാണ്.

കാലത്ത് നാലുമണിക്കെഴുന്നേറ്റ് ചെമ്മീൻ ഫ്രൈയും നൈസ് പത്തിരിയുമുണ്ടാക്കുന്നതിനിടയിലാണ് നാസി പത്ത് ദിവസം കൊണ്ട് പത്തുകിലോ ഭാരം കുറയ്ക്കാനുള്ള പോംവഴിയുമായി ക്ലബ്ഹൌസിലേക്കെടുത്ത് ചാടിയത്.  ചുറ്റും കൂട്ടിയിരുന്നവരോട് എഗ്ഗ് ഡയറ്റിന്റെ ചുരുളുകളഴിച്ചുകൊണ്ടുള്ള നാസിയുടെ അലക്കിന്റെ അലകൾ ഇങ്ങ് കാനട മഹാരാജ്യം വരെ അലയടിച്ചു.

ആശ്ചര്യം ചിഹ്നം മുഖത്ത് ഫിറ്റ് ചെയ്ത്  പത്ത് കിലോ കുറയ്ക്കാൻ വെമ്പുമുട്ടിനിൽക്കുന്ന  കോമളന്മാരും കോമലാംഗികളും അനർഗനിർഗളം ക്വാരിത്തരിച്ചു. ഇതുകണ്ട നാസി ധൃതംഗപുളകിതയാവുകയും വീണ്ടും ചുരുകളഴിക്കുവാനും തുടങ്ങി.

"പത്ത് കിലോന്ന് പറഞ്ഞത് ഒന്നാം ഘട്ടം മാത്രമാണ്. ഞാനിതുപോലെ നാല് ഘട്ടങ്ങളിലായി മൊത്തം മുപ്പത്തിമൂന്നു കിലോയും നാനൂറ്റിയമ്പത് ഗ്രാമും കുറച്ചിക്ക്ണ്."

കേട്ടപാതി കേൾക്കാത്തപാതി ചാരുകസേരയിലിരുന്ന് ആപ്പിൾ പൈ നുണഞ്ഞുകൊണ്ടിരുന്ന ജോൺസൺ ബ്രോ നാലുദിക്കും കിടുങ്ങുമാറാകും വിധം അലറിക്കൊണ്ട് ചാടിയെഴുന്നേറ്റു. ഞൊടിയിടയിൽ ഫ്രിഡ്ജിനടുത്തെത്തിയ ടിയാൻ  ബാക്കിയുണ്ടായിരുന്ന മൊത്തം ആപ്പിൾ പൈയ്യും, പിറ്റേന്ന് ലഞ്ചിന് കഴിക്കാൻ വെച്ചിരുന്ന മുക്കാൽ കിലോ ചെമ്മീൻ പൊരിച്ചതും കിച്ചൻ കൗണ്ടറിൽ കുഴച്ചുവെച്ചിരുന്ന ഒരു ഡവറ പുട്ടിൻപൊടിയും ഒറ്റശ്വാസത്തിൽ വെട്ടിവിഴുങ്ങി എഗ്ഗ് ഡയറ്റിനു വേണ്ടിയുള്ള മുട്ട മേടിക്കാൻ കോസ്റ്റ്കോ വെച്ചുപിടിച്ചത്രേ.

കാലത്തെഴുന്നേറ്റ് ഒരു മുപ്പത് മുട്ട ഒന്നിച്ചോരു കലത്തിലിട്ട് വെള്ളമൊഴിച്ച് പുഴുങ്ങാൻ വെക്കുകയും പ്രഭാതകർമ്മങ്ങളൊക്കെ കഴിഞ്ഞ് ജോലിക്ക് പോകാൻ വേണ്ടി സൂട്ടും കോട്ടുമിട്ട്  അടുക്കളയിലേക്ക് വരികയും അന്നത്തേക്കുള്ള ആറ് മുട്ട പൊതിഞ്ഞെടുക്കയും ബാക്കി ഭദ്രമായി ഫ്രിഡ്ജിൽ വെക്കുകയും ചെയ്തു. ഫൈനൽ ഗോളായ എഴുപത്തഞ്ച് കിലോയിലെത്താൻ വെറും പതിനഞ്ച് കിലോ മാത്രം കുറച്ചാൽ മതിയല്ലോ എന്ന ഏക ആശ്വാസം ടിയാന്റെ മുഖത്ത് കളിയാടുന്നുണ്ടായിരുന്നു.

നാസി പറഞ്ഞതിൻ പ്രകാരം രാവിലെ ഒമ്പത് മണിക്ക് ഓഫീസിൽ നിന്നും ഫ്രീയായി കിട്ടുന്ന ഗ്രീൻ ടീയോടൊപ്പം രണ്ട് മുട്ട അകത്താക്കി. നല്ല വിശപ്പുണ്ടായിരുന്നെങ്കിലും ഉച്ചയ്ക്ക് ടിയാൻ ടി കർമ്മം വീണ്ടും ആവർത്തിച്ചു. വൈകുന്നേരം വീട്ടിലെത്തുമ്പോഴേക്കും സഹിക്കാൻ കഴിയുന്നതിനപ്പുറമായിരുന്നു വിശപ്പ്. സകല ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ച് രണ്ട് മുട്ടയും പഞ്ചാരയിടാത്ത ഒരു കട്ടനും അകത്താക്കി.

വിശപ്പിൻറെ ഗർജ്ജനത്തിനു മുന്നിൽ പകച്ചു നിന്നിട്ടാണോ അതോ സ്വന്തം അടുക്കളയിൽ നിന്നും ഭാര്യയുണ്ടാക്കിയ കോഴിക്കറിയുടെ സ്മെല്ലടിച്ചിട്ടാണോ എന്തോ, ഒൻപത് മണിയാകുമ്പോഴേക്കും നാലിടങ്ങഴി മട്ടൻബിരിയാണിയും ഒരേഴെട്ട് കഷ്ണം കോഴിക്കാല് വറുത്തതും രണ്ട് സ്ലൈസ് ചീസ്കേക്കും മടമടാന്ന് വയറ്റിലേക്ക് തള്ളിയിറക്കുകയും ചെയ്‌തത്രേ.

അപ്പോഴേക്കും ഭൂമിയുടെ മറുപുറത്ത് സ്വന്തം അടുക്കളയിൽ നിന്നും നാസി ചുരുകളഴിക്കാൻ തുടങ്ങിയിരുന്നു.

വാൽ: പിറ്റേന്ന് രാവിലെയാകുമ്പോഴേക്കും ജോൺസൺ ബ്രോയുടെ ഫൈനൽ ഗോളായ എഴുപത്തഞ്ച് കിലോയിലെത്താൻ വെറും പതിനേഴ്  കിലോ മാത്രം കുറഞ്ഞാൽ മതി എന്ന സ്ഥിതിയിലെത്തിയിരുന്നു.



- കടത്തനാടൻ 

1 comment:

💕Valentine’s Day Celebration - Feb 15, 8 PM IST

IMPORTANT DISCLAIMER We will be writing letters, dedicating songs, and highlighting members throughout the event. If you do not wish to part...