Wednesday, December 21, 2022

വേൾഡ് കപ്പ്

 2023 ഫിഫ വേൾഡ് കപ്പ് ഫൈനൽ മത്സരം! 

അതികായകന്മാരായ അർജൻറ്റീനയും ഫ്രാൻസും തമ്മിൽ ഏറ്റുമുട്ടുന്നൂ. ലോകമെമ്പാടുമുള്ള ഫുട്‍ബോൾ പ്രേമികൾ ശ്വസമടക്കിപ്പിടിച്ച് കളികണ്ടുകൊണ്ടിരിക്കുന്ന ആ തൊണ്ണൂറ് മിനിറ്റ്. 

"ജീരകമിഠായികൾ" ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കളികാണാനൊരു റൂമിട്ടു. ജോർജ്ജും, അശ്വിനും, റീനുവും ടോമും, ഡ്യുഡ്രോപ്‌സും ഫ്രാൻസിൻ്റെ പക്ഷം പിടിച്ചു. നാസ്സിയും ചെറിയാനും ജോയും ഫെലിക്‌സും പില്ലൂസും മനുവും അർജൻറ്റീനയ്ക്ക് വേണ്ടി  ആർപ്പ് വിളിച്ചുകൊണ്ടിരുന്നു. ശ്വാസം മുട്ടലുകൊണ്ടാണോ അതോ ആവേശം കൊണ്ടാണോ എന്നറിയില്ല, നാസ്സിയുടെ ഫോണിൽ നിന്നും പതിഞ്ഞ സ്വരത്തിൽ "മെസ്സി, മെസ്സി, മെസ്സി" എന്ന് മാത്രം കേൾക്കാമായിരുന്നു. കടത്തനാടനും അലിയും റഫറിയുടെ പക്ഷത്തതായിരുന്നു. സാമ്പാർ ഗേൾസായ ലച്ചുവും അസിനും കളി കണ്ടും കേട്ടും പഠിക്കാൻ റൂമിൽ ഉത്തേജകരായി ഇരുന്നു. ബ്രാൻസ് ബ്രോയേഷ്യ ബ്രോറോക്കൊ ബ്രോസ്ട്രേലിയ മുന്നണിയുടെ പ്രതിനിധികളായി അസീസും ജംഷിയും ജേക്കബും നിരഞ്ജനും അർജൻറ്റീന ഫാൻസിനെ ചൊറിയാൻ വേണ്ടി മാത്രം റൂമിലിരിപ്പുണ്ടായിരുന്നു.

ആദ്യപകുതിയിൽ അർജൻറ്റീന എതിരില്ലാതെ രണ്ട് ഗോളടിച്ചു. അർജൻറ്റീന ഫാൻസ്‌ സന്തോഷത്തോടെയും ഫ്രാൻസ്‌ ഫാൻസ്‌ സ്വല്പം സങ്കടത്തോടെയും ആട്ടിൻതോലിട്ട ചെന്നായ്ക്കളെപ്പോലെ ബ്രാൻസ് ഫാൻസും ആ നാല്പത്തിയഞ്ച് മിനുട്ടും ഇഞ്ചുറി ടൈമും തള്ളിനീക്കി.  ഇതിനിടയിൽ പുട്ടിന് തേങ്ങാപ്പീര പോലെ ഇടയ്ക്കിടെ സോണിയ റൂമിൽ കയറിവന്ന് "അതേ, അർജൻറ്റീന രണ്ട് ഗോളടിച്ചു. നിങ്ങളാരെങ്കിലും അറിഞ്ഞാരുന്നോ?" എന്ന് തുടരെ തുടരെ ചോദിക്കുന്നുണ്ടായിരുന്നു.   

ഏവരും ഏകപക്ഷീയമായി ജയിച്ചേക്കുമെന്ന് കരുതിയിരുന്ന അർജൻറ്റീനയുടെ ഗോൾ പോസ്റ്റിലേക്ക് തൊണ്ണൂറ്റിയേഴ് സെക്കന്റിനുള്ളിൽ മ്ബാപ്പെ തൊടുത്ത് വിട്ട രണ്ട് ഗോളുകൾ കളിയുടെ ഗതി തന്നെ മാറ്റി മറിച്ചു. അർജൻറ്റീന ഫാൻസ്‌ നെഞ്ചത്ത് കൈവെച്ച് വാവിട്ട് കരഞ്ഞു. ഫ്രാൻസ് ഫാൻസ്‌ തുള്ളിച്ചാടി. ഹ്യുസ്റ്റൺ നഗരം കിടുങ്ങുമാറാകും വിധം ജോർജ്ജ് കൂക്കിവിളിച്ചു (ബൈദുബായ്, ശബ്ദമലിനീകരണം കണക്കിലെടുത്ത് ജനുവരി  നാലിന് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ജോർജ്ജിന് ഒരു സമൻസ് വന്നാരുന്നു). ബ്രാൻസ് ഫാൻസ്‌ സടകുടഞ്ഞെഴുന്നേറ്റു ചൊറിയാൻ തുടങ്ങി. പിന്നങ്ങോട്ട് ടെൻഷനായിരുന്നു എല്ലാവരുടെയും മനസ്സിൽ.

തൊണ്ണൂറു മിനിറ്റിൽ തീരേണ്ടിയിരുന്ന കളി പിന്നെ നൂറ്റിയിരുപത് മിനിറ്റായി. രണ്ടേ രണ്ട് പിന്നെ രണ്ടേ മൂന്നായി. പിന്നെയത് മൂന്നേ മൂന്നായി.

ഏകദേശം നൂറ്റിപ്പത്തൊൻപതാം മിനുറ്റിൽ മെസ്സി പന്തുമായി ഡ്രിബ്ബിൾ ചെയ്ത് ഫ്രാൻസിന്റെ ഗോൾ പോസ്റ്റ് ലക്ഷ്യമായി കുതിച്ചുനീങ്ങി. നാലേ മൂന്നാവുന്നതും പ്രതീക്ഷിച്ച് അർജൻറ്റീന ഫാൻസും അത്  ഗോളി തടയുന്നതും പ്രതീക്ഷിച്ച് ഫ്രാൻസ്‌ ഫാൻസും ബ്രാൻസ് ഫാൻസും നെഞ്ചത്ത് കൈവെച്ച്  നോക്കിനിന്നു. മൂന്നാമത്തെ വിസിലുമടിച്ച് വെന്ത പരിപ്പുമായി ശ്വാസമടക്കിപ്പിടിച്ചിരുന്ന കുക്കറിനകത്തേക്ക് മുറിച്ചുവെച്ച പച്ചക്കറി കഷ്ണങ്ങളും ഒരുപിടി സാമ്പാറുപൊടിയും വാരിവിതറിയിട്ടു തിരിച്ച് ടീവിയുടെ മുന്നിലേക്ക് കിതച്ചെത്തും വഴിയാണ് ലച്ചുവിൻറെ കണ്ണിൽ മെസ്സിയുടെ ഈ പ്രകടനം പെട്ടത്. ഹവ്വെവർ ഫ്രാൻസിന്റെ ഗോളി ഹ്യുഗോ ല്ലോറിസിൻറെ കൈകളിൽ പന്ത് ഭദ്രം. 

സംശയത്തിൻറെ മൂർദ്ധന്യാവസ്ഥയിൽ നിന്ന ലച്ചു അപ്പത്തന്നെ മൈക്ക് അൺമ്യൂട്ട് ചെയ്ത് എല്ലാരോടുമായി തൻറെ ബുദ്ധിപരമായ ആ സംശയം പങ്കുവെച്ചു "അവിടെ പന്ത് പിടിക്കാൻ വേറെ കളറുള്ള ഡ്രസ്സുമായി എന്തിനാ ഒരാളെ നിർത്തിയിരിക്കുന്നത്? പന്ത് തടയാൻ അവിടെ ഒരു നെറ്റ് വെച്ചിട്ടില്ലേ?"😂😂😂         

- കടത്തനാടൻ







      

2 comments:

  1. ഹ ഹ പാവം ലച്ചു. എഴുത്ത് സൂപ്പർ

    ReplyDelete
  2. Climax അടിപൊളി 😜😜😜

    ReplyDelete

💕Valentine’s Day Celebration - Feb 15, 8 PM IST

IMPORTANT DISCLAIMER We will be writing letters, dedicating songs, and highlighting members throughout the event. If you do not wish to part...