Tuesday, October 4, 2022

പോത്തിറച്ചി

ഞായാറാഴ്ച നേരം പുലർന്നു വരുമ്പോഴേ ഞങ്ങൾ കുളിച്ചു തയാറായിട്ടുണ്ടാവും. കാരോട്ടെ പള്ളിയിൽ കുർബാനയ്ക്ക് പോകാൻ കുട്ടിക്കൂട്ടങ്ങൾ വാതിൽക്കൽ വന്നു വിളി തുടങ്ങും. ഒന്നാം കുർബാനയ്ക്ക് പോകുന്നതിനു ഒരു കാരണമുണ്ട്. എട്ടു മണിക്ക് കുർബാന തീർന്നാൽ ഓടി പാഞ്ഞു വീട്ടിൽ വന്നു 8.30യുടെ വംശം, 9ന്റെ ശ്രീകൃഷ്ണ ഒക്കെ കാണാം. താഴത്തെ പളളിയിൽ കുർബാന താമസിച്ചേ കഴിയൂ. വെളുപ്പിനെ കുളിച്ചൊരുങ്ങി പോകാൻ ഇറങ്ങുമ്പോൾ പത്രം വരും. സിനിമ പേജ് നോക്കി നാലു മണിക്കത്തെ സിനിമ തിരനോട്ടത്തിൽ പറഞ്ഞത് തന്നെ എന്ന് ഉറപ്പിക്കും.

കല്ലുപാലം വളവു തിരിഞ്ഞാൽ കാണാം. കൊച്ചോലചേട്ടനും മകൻ സെൽവനും വെളുപ്പിനെ അറവ് തുടങ്ങിക്ക്ഴിഞ്ഞു. നല്ല കൊഴു കൊഴുത്ത ചുവന്ന പോത്തു നുറുക്കുകൾ ഇടയ്ക്കിടയ്ക്ക് വെളുത്ത അലുക്കുകളിട്ടു തൂക്കിയിരിക്കുന്നു. ആളുകൾ വന്നു തുടങ്ങുന്നതെ ഉള്ളൂ. കുർബാന കഴിഞ്ഞു വന്നു കുമുകുമാന്നു പോത്തു കൂട്ടുന്നതോർത്തു പള്ളിയിൽ നിന്നാൽ പോലും സമാധാനം ഉണ്ടാവില്ല. കൊറക്‌ തിരിച്ചു വാങ്ങുന്ന ഇറച്ചിയുടെ സ്വാദ് നാക്കിൽ അടുത്ത ഞായർ വരെ തത്തി കളിക്കും.

മടി പിടിച്ചു പള്ളിയിൽ പോകാത്ത ഞായർ പ്രഭാതങ്ങളിൽ ഇറച്ചിയുടെ വരവ് ഒരു ഉത്സവം തന്നെയാണ്. അമ്മ അടുക്കളപ്പടിയിലിരുന്ന് ചിരട്ടയിൽ ഒരു കത്തി വിലങ്ങനെ കുത്തി നിർത്തി,പിച്ചാത്തിപ്പിടിയിൽ കാൽ വിരലുകൾ കൊണ്ട് അമർത്തിപ്പിടിച്ചു ഇറച്ചി നല്ല ചെറുസമചതുരങ്ങളായി മുറിച്ചെടുക്കും. കുറച്ചു നെയ്യും കൂട്ടത്തിൽ ഇടും. ചവ്വ് ഒക്കെ വേറെ മാറ്റി വെക്കും. കഴുകി വാരി വെച്ച പോത്തിറച്ചിക്ക് കാവലാണ് ഞാൻ. മുളകും മല്ലിയും വറക്കുമ്പോൾ ഞാൻ കറിവേപ്പില പറിക്കാൻ പായും. അമ്മച്ചിയുടെ പറമ്പിലെ കറുവാപ്പട്ടയിലയും കൊടിയേന്ന് പച്ചകുരുമുളകും പറിച്ചു ഞാൻ തിരിച്ചെത്തും.

വറുത്ത മുളക് മല്ലി ഗ്രാമ്പൂ കറുവപ്പട്ട, താക്കോലം പെരുംജീരകം കുരുമുളക് ഒക്കെ വെള്ളം തൊടാതെ അരച്ച് അമ്മ കൊണ്ടുവന്നു പാതകത്തിൽ വെക്കും. നല്ല വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു കൊച്ചുള്ളി വഴറ്റി ഇഞ്ചിയും വെളുത്തുള്ളിയും നിർലോഭം ഇട്ടു തേങ്ങാക്കൊത്തും ചേർത്തു നന്നായി വഴറ്റും. ശേഷം ഈ അരപ്പ് അങ്ങ് ഇട്ടു കൊടുക്കും. ഉപ്പിട്ട് അരപ്പും ചേർത്ത് എണ്ണ തെളിയും വരെ വഴറ്റും. എനിക്ക് ഏറ്റവും ഹൃദ്യമായ ഗന്ധം വീട് മുഴുവൻ പരക്കും. തീ ചെറുങ്ങനെ വെച്ച് ഇത്തിരി മാത്രം വെള്ളം ഒഴിച്ച് കൽച്ചട്ടിയിൽ കിടന്നു പോത്തങ്ങനെ വെന്തു വരും. കുടഞ്ഞിട്ടു ചാറു വറ്റിച്ചു തേങ്ങാക്കൊത്തും വറത്തിട്ടു കറിവേപ്പിലയും തൂകി അടുപ്പിൽ നിന്ന് ഇറക്കി വെച്ചാൽ മനസിലും വായിലും രുചിയുടെ ഇലഞ്ഞിത്തറമേളം.

പിൽക്കാലത്തു ഇറച്ചിമസാല പാക്കറ്റ്കൾ അടുക്കള കീഴടക്കി. കുക്കറിൽ കൂവി വേവിക്കുന്ന ഇറച്ചി ആയി. കൊച്ചോലചേട്ടൻ മരിച്ചു. സെൽവൻ ഗവണ്മെന്റ ജീവനക്കാരനായി. അറവ് നിന്നു. നാട്ടിൽ കോൾഡ് സ്റ്റോറേജുകൾ വന്നു. പോത്തു തിന്നാൻ ഞായാറാഴ്ചയോ പെരുന്നാളോ നോക്കി ഇരിക്കേണ്ട എന്നായി.

ഞാൻ കല്യാണം കഴിച്ചു നാട് വിട്ടപ്പോൾ എന്നേക്കാൾ ഇറച്ചികൊതിയുള്ള ഭർത്താവ് കൂടെ ഉണ്ടന്ന് സന്തോഷിച്ചു. മാളവ്യ നഗറിലെയും മെഹറോളിയിലെയും ഉത്തംനഗറിലെയും ഉത്തരേന്ത്യൻ ബീഫ് കടകൾ ഞങ്ങളുടെ കൊതി ശമിപ്പിച്ചു. വീട്ടിലിരുന്ന് ഫോൺ ചെയ്താൽ മംഗളാപുരിയിൽ നിന്ന് പോത്തിറച്ചി വാങ്ങി കൊണ്ട് വരുന്ന ജോയ്‌ചേട്ടന് എത്ര നന്ദി പറഞ്ഞാലും പോരാ. അമ്മ വെയ്ക്കുന്ന അത്ര വരില്ലെങ്കിലും ഞാൻ നന്നായി ഇറച്ചിക്കറി വെക്കും എന്നത് എന്റെ സ്വകാര്യ അഹങ്കാരമാണ്.

ഇന്നലെ വാർത്ത കേട്ട്  ചടപടേന്ന് വാങ്ങി പടപട ഉണ്ടാക്കി മടമട തിന്ന പോത്താണ് ചിത്രത്തിൽ. ഇനി കഴിക്കാനാവുമോ എന്നറിയില്ല. എനിക്ക് അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ. ഈ പോത്തിറച്ചി ഇല്ലാതെ എന്നതാടാ ഉവ്വേ നമുക്ക് ഒരിത്?

-അസിൻ ജോർജ്ജ് 








1 comment:

💕Valentine’s Day Celebration - Feb 15, 8 PM IST

IMPORTANT DISCLAIMER We will be writing letters, dedicating songs, and highlighting members throughout the event. If you do not wish to part...