കുറച്ചധികം കാലം ശബ്ദത്തിലൂടെ മാത്രം കേട്ടുമുട്ടിയ സുഹൃത്തുക്കളെ നേരിട്ട് കണ്ടുമുട്ടുമ്പോൾ, ആ മുഹൂർത്തം സമ്മാനിക്കുന്ന വിസ്മയത്തിന്റെയും ആനന്ദത്തിന്റെയും അനുരണനങ്ങൾ ഒന്ന് വേറെ തന്നെയാണ്. ഞാനങ്ങനെ കണ്ടുമുട്ടിയ രണ്ടാമത്തെ സുഹൃത്താണ് ജോർജ്. ആദ്യത്തെ സുഹൃത്തിനെ കണ്ടുമുട്ടിയതിൽ നിന്നും ജോർജിനെ വ്യത്യസ്തനാക്കുന്നത് എന്തെന്നാൽ അയാളുടെ ശബ്ദത്തെ വിശകലനം ചെയ്തുതന്ന എന്റെ ഓഡിറ്ററി കോർട്ടക്സിന്റെ അനുമാനത്തിൽ നിന്നും തെല്ല് വ്യത്യാസമുള്ളതായിരുന്നു നേർക്കാഴ്ചയിലെ ജോർജ്. ഒരു ശരാശരി പക്വതയുള്ളയാളുടെ ആകാരവും പേറി എങ്ങനെയാണ് ഈ മനുഷ്യന് ഒരു സാമൂഹികമാധ്യമയിടത്ത് വന്ന് തോക്കും പിടിച്ച് പാട്ടുപാടാനും ചളിയടിക്കാനും കിടുകിടാ വിറപ്പിക്കുന്ന വീരവാദങ്ങൾ മുഴക്കാനുമാകുന്നതെന്ന് പിടികിട്ടുന്നില്ല.
ചില മനുഷ്യർ അങ്ങനെയാണ്; സൗഹൃദങ്ങൾക്ക് മുന്നിൽ സർവ്വം മറക്കാൻ സന്നദ്ധരാവും.
അത് അവരെപ്പറ്റിയുള്ള ഓർമ്മകളെ കുറേക്കൂടി മിഴിവുള്ളതാക്കും.
ചായകുടിക്കുന്നതിനിടയിൽ എന്റെ കണ്ണുകളിൽ നോക്കി ജോർജ് ഒരു ചോദ്യം ചോദിക്കുകയുണ്ടായി. നിന്നെ നേരിട്ട് കണ്ടാൽ നിന്റെ സംസാരത്തിന്റെയത്ര വലിപ്പമൊന്നുമില്ലല്ലോ എന്നായിരുന്നു ആ ചോദ്യത്തിന്റെ സാരാംശം.
‘ഞാൻ പ്രിറ്റന്റ് ചെയ്യുകയാണ്’ എന്നായിരുന്നു ജോർജിനോടുള്ള എന്റെ പ്രത്യുത്തരം. വലുതും മഹത്തരവുമായ ആശയങ്ങൾ വിനിമയം ചെയ്യാൻ അത്രമേൽ മഹത്തരമായ സംഭാഷണശൈലി ഉപയോഗിക്കുന്നത് എന്റെ സ്ഥിരം അടവാണെന്ന് എനിക്കയാൾക്ക് പറഞ്ഞുമനസ്സിലാക്കിക്കൊടുക്കേണ്ടി വന്നു. എന്റെ ഈ ഗതികേട് കൂടുതൽ മനസ്സിലാക്കിയ രണ്ട് ആഗോളതോൽവികളാണ് നാരങ്ങയും🍋 പക്കിയും 🦋.
തിരക്കുകൾ കാരണം വെറും അരമണിക്കൂറിൽ താഴെ സമയം മാത്രമേ പങ്കുവയ്ക്കാനായുള്ളുവെങ്കിലും വിശേഷാന്വേഷണങ്ങളുൾപ്പെടെ കുറച്ച് നല്ലവർത്തമാനങ്ങൾ അന്യോന്യം കൈമാറി. ഈ മാസാവസാനത്തിന് മുന്നേ കക്ഷി അമേരിക്കയിലേക്ക് തിരിച്ചുപോകുന്നുണ്ട്.
ഒരേ നഗരത്തിലുണ്ടെന്നറിഞ്ഞ് കണ്ടുമുട്ടാൻ മാറ്റിവച്ച നിങ്ങളുടെ സമയത്തെ ഞാൻ വിലമതിക്കുന്നു. നല്ലത് മാത്രം നേരുന്നു പ്രിയസുഹൃത്തേ.
- ഫ്രെഡ്ഡി
സൂപ്പർ.
ReplyDelete