അന്ന് അയാൾ പതിവിലും വൈകിയാണ് ജോലിസ്ഥലത്തുനിന്നും റൂമിലോട്ട് പോകുന്നത്. നാട്ടിലെ പ്രാരാബ്ധങ്ങളുടെ അലമുറകൾ തന്നെയായിരിക്കണം, ആയാസങ്ങൾക്കിടയിലും ആ പ്രവാസിയുടെ കാലുകൾക്ക് വേഗത പകരുന്നത്.
ബസിൽ നിന്നും പുറത്തേക്കിറങ്ങി തിരക്കുള്ള തെരുവിലൂടെ തന്റെ താമസസ്ഥലത്തോട്ടുള്ള പത്തുമിനിട്ട് നടത്തത്തിന് നാന്ദി കുറിക്കവേ, ഉയർന്ന തരംഗദൈർഘ്യമുള്ള, എന്തോ സഹായാഭ്യർത്ഥന നിറച്ച, അവശതയുടെയും, നിസ്സഹായതയും ശ്രുതിപുരണ്ട ഒരു ഒറ്റപ്പെട്ട ശബ്ദം അയാളുടെ ശ്രദ്ധയിൽപ്പെട്ടു.
ആ സമയം, ആ തെരുവിലൂടെ കടന്നുപോയ മുഴുവൻപേരും ആ ശബ്ദം കേട്ടിട്ടുണ്ടാവണം; പക്ഷെ, ആരിൽനിന്നും പ്രത്യുത്തരം കിട്ടാത്തതിനാലാവണം, ഒരുവശം പക്ഷാഘാതവും, ഓട്ടം നിലച്ചകാലുകളുമായി മൊട്ടറൈസ്ഡ് വീൽചെയറിൽ നിന്നും, വാർദ്ധക്യത്തിലെത്തിയ ആ പെൺശബ്ദം അയാൾക്കായി കാത്തിരുന്നത്.
ആവശ്യം ആരായേണ്ടിവന്നില്ല; വലത്തേ കാലിലെ ഷൂവിന് ജോഡിയായി ഇടത്തേ കാലിൽ കിടക്കേണ്ട ഷൂസ്, തിരക്കിനിടയിലെന്തോകൊണ്ട് വഴുതിവീണതാണ്...
അത് തിരികെ കാലിനോടുറപ്പിക്കാൻ ആരുടെയെങ്കിലും സഹായം ആവശ്യപ്പെട്ടതായിരിക്കണം ആ വൃദ്ധ എന്ന് കണ്ടപ്പോൾ തന്നെ അയാൾക്ക് പിടികിട്ടി.
എങ്കിലും അത് തന്നെയാണോ ആവശ്യം എന്ന് ഉറപ്പുവരുത്താനായി അയാൾ ആ വൃദ്ധയോട് ആരാഞ്ഞു.
അതെ... അത് തന്നെ...
എങ്കിലും, ഇത്രേം പേരുടെ ഇടയിലും, പലതവണ ഉച്ചത്തിൽ വിളിച്ചിട്ടും ആ ശബ്ദത്തെ കേൾക്കാതെപോയ കാതുകളെ ഓർത്തുള്ള ആ വൃദ്ധയുടെ നൊമ്പരവും, മനുഷ്യത്വത്തിന്റെ ഒരു കണ്ണിയെങ്കിലും ഈ തെരുവിലുണ്ടായിരുന്നല്ലോ എന്നതോർത്തുള്ള അദ്ദേഹത്തിന്റെ കടപ്പാടും ആ അധരങ്ങൾ മൊഴിഞ്ഞതിനേക്കാൾ, നിറഞ്ഞകണ്ണുകളിൽ അയാൾ കണ്ടു.
അയാളുടെ ഉള്ളും നിറഞ്ഞു.
റോഡുമുറിച്ചുകടക്കാൻ ആ വൃദ്ധയെ സഹായിക്കുന്നതുവരെ അവർ ഒരു ലഘുസംഭാഷണത്തിലേർപ്പെട്ടു.
ശുഭം.
അയാളുടെ ദീർഘനിശ്വാസങ്ങൾ തെരുവിലെ അലഞ്ഞുനടക്കുന്ന കാറ്റിനോട് ഇങ്ങനെ മന്ത്രിച്ചു:
`നിശ്ചലരായവരുടെ പാദങ്ങളിൽ നിന്നും തെറിച്ചുപോയ പാദുകങ്ങളുടെ,
നിസ്സഹായതയുടെ ശ്രുതിപുരണ്ട നിലവിളികൾ കേട്ടിട്ടുണ്ടോ? ഇല്ലായെങ്കിൽ,
നാളെമുതൽ തെരുവുകളിൽ നിന്നുയരുന്ന ഉത്ക്കൃഷ്ടമല്ലാത്ത ശബ്ദങ്ങൾക്ക്കൂടെ കാത്കൊടുത്തോളൂ...´
- ഫ്രഡി
ഫ്രഡി ഹൃദയസ്പർശിയായ എഴുത്ത്
ReplyDelete