Tuesday, August 16, 2022

പുനർജ്ജന്മം

ഒരു തോൽവി പോലും അറിയാത്തവർ ഒരു വെല്ലുവിളിയും ഏറ്റെടുക്കാത്തവരാണ്. ഒരു പരാജയം പോലും രുചിച്ചിട്ടില്ല എന്ന അവകാശവാദത്തെക്കാൾ എത്രയോ ക്രിയാത്മകമാണ് ഒരു പരാജയത്തിലും തളർന്നിട്ടില്ല എന്നത്. ഒരുതവണകൂടി തോൽക്കാനുള്ള മനസ്സുണ്ടായിരുന്നെങ്കിൽ നേടിയെടുക്കാമായിരുന്ന ഒട്ടേറെ കാര്യങ്ങളുണ്ടാകുമായിരുന്നു. ഒരുതവണകൂടി തോൽക്കാനുള്ള മനസ്സുണ്ടെങ്കിൽ നമുക്ക് ഒരുപാട് കാര്യങ്ങൾ ഇനിയും നേടിയെടുക്കാം. ഓരോ പരാജയത്തിൽ നിന്നും നടത്തുന്ന തിരിച്ചുവരവ് അതിജീവനശേഷിയുടെ അടയാളമാണ്; പുനർജന്മമാണ്.  മണ്ണടിയും മുൻപേ ഒരുപാട് തവണ ഇനിയും നമുക്ക് പുനർജ്ജനിക്കാം.


-കടത്തനാടൻ










മത്തായി സാർ ഇട്ട മുട്ടകൾ

ഓൾ പ്രമോഷൻ ഒന്നും ഉള്ള കാലം  അല്ല. എങ്ങിനെ ഒക്കെയോ തത്തി ഒത്തി യാണ് UP സ്കൂൾ കടമ്പ കടന്നു എട്ടാം ക്ലാസ്സിൽ എത്തിയത്….

ക്രിസ്ത്യൻ പള്ളിയോട് അനുബന്ധിച്ചു സ്കൂളുകൾക്കു  അന്ന് പള്ളിക്കൂടങ്ങൾ എന്നായിരുന്നു വിളിപ്പേര്…

അന്നൊക്കെ ഹിന്ദി പഠനം ആരംഭിച്ചത്  5 ആം ക്‌ളാസിൽ ആയിരുന്നു. ഹിന്ദി പഠിപ്പിക്കുന്ന Ambrose സിസ്റ്ററെ എല്ലാവർക്കും പേടിയായിരുന്നു. ടീച്ചറുടെ ചൂരൽ കഷായം കൈപ്പത്തി യിൽ കിട്ടാത്തവർ ചുരുക്കം ആയിരുന്നു. അതുപോലെ തന്നെ ഹിന്ദി പഠനവും ഒരു ബാലി കേറാ മലയായിരുന്നു.

എട്ടാം ക്ലാസ്സിൽ ഹിന്ദി പഠനം ഒരു വഴിതിരിവ് ആവും എന്ന് കരുതി… എന്നാൽ ചക്കിക്കൊത്ത ചങ്കരൻ സ്റ്റൈൽ ആയിരുന്നു മത്തായി സാർ. ഒന്നാം ക്ലാസിൽ പഠിപ്പിച്ച പാറുക്കുട്ടി ടീച്ചറുടെ ഭർത്താവ് ആയിരുന്നു അദ്ദേഹം.. കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചർ ആയിരുന്നു പാറുക്കുട്ടി... മത്തായി സാർ ക്ലാസ്സിൽ വന്നു എന്തെങ്കിലും ഇന്ത്യ ചരിത്രമോ മറ്റോ പറഞ്ഞു 40 minute കളയും… എന്നിട്ട് 10 മിനുട്ടിൽ പാഠഭാഗം എടുത്തു അവസാനിപ്പിക്കും.

എന്നിട്ട് മത്തായി ആത്താ തോ മറിയം…-------. ഒരു question ചോദിച്ചു..ക്ലാസ്സ്‌ അവസാനിപ്പിക്കും..

ക്ലാസ്സിൽ test ഇടാൻ തുടങ്ങിയപ്പോൾ ആണ്  "മുട്ടയിടൽ" തുടങ്ങിയത്.10 മാർക്കിന്റെ ക്ലാസ്സ്‌ ടെസ്റ്റ്‌ പേപ്പറിൽ ഏറ്റവും അധികം" O" വാങ്ങി ഞാൻ റെക്കോർഡ് ഇട്ടു… ഏഴ്   മുട്ടകൾ.. പലർക്കും 6 മുതൽ താഴോട്ട് ആയിരുന്നു. അവർക്കു മുന്നിൽ വിജയശ്രീലാളിതൻ ആയി ഞാൻ നിന്നു…
ഓണപ്പരീക്ഷക്കു എന്റെ മുട്ടകൾ 16 ആയി  വർധിച്ചു, എന്നാൽ പുളിക്കൽ ജോജോ ഇപ്രാവശ്യം എന്നെ മറികടന്നു 18 എണ്ണം വാങ്ങി കേമൻ ആയി.

തെറ്റുന്ന ഉത്തരങ്ങൾക്ക് തെറ്റിന് പകരം പൂജ്യം നൽകി അതു ഇടതു വശത്തു മുകളിൽ കൂട്ടി എഴുതി വക്കും...അതായിരുന്നു മാഷിന്റെ രീതി.

ചെവി പിടിച്ചു "പൊന്നാക്കുന്ന" ശിക്ഷ ആയിരുന്നു സാർ നടപ്പാക്കിയിരുന്നത്, ഇതു ചൂരൽ കഷായത്തെക്കാൾ ചൂടേറിയതായിരുന്നു. മുട്ടകൾ കൂടുമ്പോൾ പൊന്നാക്കൽ ദൈർക്യം കൂടും… അതോടൊപ്പം തനിക്കൊക്കെ വേലി കെട്ടാൻ പോയി കൂടെ എന്ന ഒരു സ്ഥിര ചോദ്യവും ആവർത്തിക്കും.

എങ്കിലും സാറിന്റെ കഥകളിൽ നിന്നാണ് ഗാന്ധിജി മുതൽ നമ്മുടെ എല്ലാ സ്വാതന്ത്ര്യ സമര നേതാക്കളുടെയും കഥകൾ ഞങ്ങൾ മനഃപാഠമാക്കിയത്. അപ്പോഴും ഹിന്ദി ഭാഷ ഒരു കീറാ മുട്ടിയായി ഞങ്ങളുടെ മുൻപിൽ (last ബെഞ്ചു കാർ )അവശേഷിച്ചു.
                 
                                                                                                                                                                                             -Santu







Monday, August 15, 2022

ബെഡ് കോഫി

ഒന്നാമത് മൂന്നുമണിക്കാണ് ഉറങ്ങാൻ കിടന്നത്. കാലത്ത് നേരത്തെ എഴുന്നേറ്റ് സാൻ ഡിയാഗോയിലേക്ക്  വണ്ടിയോടിച്ച് പോകാൻ തിടുക്കമായതു കൊണ്ടാണോ അതോ ഞങ്ങളെയെല്ലാവരേയും കണ്ട ആവേശം കൊണ്ടാണോ എന്നറിയില്ല, ഫെലിക്സ് രാത്രി പലവട്ടം ഉറക്കത്തിൽ നിന്നെഴുന്നേറ്റ് കറങ്ങി നടക്കുന്നുണ്ടായിരുന്നു. ഇതിനും കൂടെ സാക്ഷ്യം വഹിച്ചത് കൊണ്ടാകാം എൻറെ ഉറക്കം അത്ര ശെരിയായില്ല.

ഏഴരയ്‌ക്കെഴുന്നേറ്റ് പല്ലും തേച്ച് അടുക്കളയിലേക്ക് ചെന്നപ്പോ അണ്ടി പോയ അണ്ണാനെ പോലെ ജോ കോഫീ മെഷീനുമായി നിൽക്കുന്നതാണ് കണ്ടത്. കാപ്പിപ്പൊടിയും വെള്ളവും ചേർത്ത് സ്വിച്ചിടാൻ നോക്കുമ്പോ കോഫീ പോട്ട് കാണാനില്ല. എല്ലായിടത്തും തിരഞ്ഞത്രേ - പക്ഷേ കോഫീ പോട്ട് കാണാനില്ല. ഇതിൻറെ കുറ്റവും തൻറെ തലയിൽ വീഴുമോ എന്ന് ഭയന്ന് കിച്ചൺ കൗണ്ടറിൽ പിസ്സാ ഗോപുരം പോലെ ചാഞ്ഞു നിലക്കുന്ന റോറോയും കുടിക്കാൻ ഒന്നും കിട്ടിയില്ലെങ്കിൽ ഞാൻ മൈക്രോവേവ് തല്ലിപ്പൊട്ടിക്കുമെന്ന് പറഞ്ഞു റാവുത്തരെ പോലെ കണ്ണുരുട്ടി നിൽക്കുന്ന ജോർജ്ജിനെയ്യും എനിക്ക് കാണാൻ കഴിഞ്ഞു. സമാധാനത്തിൻറെ വെള്ളരിപ്രാവിനെപ്പോലെ റിനു കസേരയിൽ ഇരിപ്പുണ്ടായിരുന്നു. ഇതൊന്നുമറിയാതെ നമ്മുടെ ടോം മുതലാളി ബാത്റൂമിൽ പൗഡറിട്ടുകൊണ്ടിരിക്കുകയായിരുന്നു. 

ചെവിയിൽ കറുത്ത ജാബ്രയും ഫിറ്റ് ചെയ്ത് അടുക്കളയിലേക്കെത്തിയ ചെറിയാൻ ആരേയും നോക്കാതെ ഒന്നും ഉരിയാടാതെ നേരെ ഫ്രിഡ്ജിനടുത്തേക്ക്  നടന്നകന്നു. ഒരു എട്ട് ഗ്ലാസ്സെടുത്ത് മേശപ്പുറത്ത് വെച്ചു. എന്നിട്ട് ഫ്രിഡ്ജിൽ നിന്നും നല്ല തണുത്ത എട്ട് കൊറോണ ബിയർ എടുത്ത് പൊട്ടിച്ച് ഗ്ലാസ്സുകളിലേക്കൊഴിച്ചു. എന്നിട്ടെന്നെ നോക്കി "എടോ ജയറാമേ, വന്ന് മോന്തെടോ… നമുക്ക് ഓരോ സെറ്റ് റമ്മി കളിക്കാം" എന്നും പറഞ്ഞ് രണ്ട് കുത്ത് ചീട്ടുമായി നേരെ തൻറെ കംപ്യുട്ടർ ലക്ഷ്യമാക്കി നടന്നകന്നു. എല്ലാവരും സന്തോഷത്തോടെ ആ മോർണിങ്ങ് കോഫി ആസ്വദിച്ച് കുടിച്ചു.

NB: ആവശ്യത്തിന് പത കാണാഞ്ഞത് കൊണ്ട് ടോമിച്ചൻ നാട്ടിൽ ചായക്കട നടത്തുന്ന കുമരേട്ടൻ ചായയടിക്കുംപോലെ  നല്ലോണം  അടിച്ചു പതപ്പിച്ചാണ് കുടിച്ചത്.

-കടത്തനാടൻ



 

Wednesday, August 10, 2022

യാത്ര തുടരുന്നു…

പ്രായം, ശരീരത്തെയെന്നപോലെ ചിന്തകളെയും കാർന്നു തിന്നുതുടങ്ങിയിരിക്കുന്നു…

ജീവിതം അതിന്റെ പാതിയും കഴിഞ്ഞ് സ്വന്തം നിഴലിനെ നോക്കി പുച്ഛഭാവത്തോടെ  ചിരിക്കുന്നു..,  ഉയർച്ചകളും, താഴ്ചകളും നിറഞ്ഞ ജീവിതയാത്രയിൽ കാലം പകർന്നേകിയ അനുഭവങ്ങൾ കണ്ണിന്റെ കാഴ്ചകളെ ദൃഢമുള്ളതാക്കി തിരിച്ചറിവ് പകർന്നു തന്നിട്ടും , ഇനിയും  ഉണർന്നില്ലേയെന്ന മട്ടിൽ...!

ജീവവൃക്ഷത്തിന്റെ ചില്ലകളോരൊന്നും അടർന്നുപോകുന്നത് പലപ്പോഴും ചിന്തകളിൽ വേലിയേറ്റമായി കടന്നു വരാറുണ്ടെങ്കിലും ഒരു നീണ്ടനെടുവീർപ്പോടെ മറ്റൊരാൾക്കും മനസ്സിലാകാതെ നിസ്സഹായതയിൽ നീറി പല നിശബ്ദ നിലവിളികൾക്കുമൊടുവിൽ സാഹചര്യങ്ങളുടെ കനൽപാതയിലൂടെ കടമകളും, കടപ്പാടുകളും ചുമലിലേറ്റി യാത്ര തുടരുകയാണ്, അപ്പോഴും സന്തോഷത്തിന്റെ മരുപ്പച്ച തേടിയലയുകയാണ് ജീവിതം..!

-ജേക്കബ് കലതിക്കാട്ടിൽ






Monday, August 8, 2022

നാരങ്ങയും🍋 ക്യാരറ്റും🥕

ഒരു നീലപ്പൂമ്പാറ്റയുടെ കൂട്ടുംപിടിച്ച്, ചളിയുടെയും പാട്ടുകളുടെയും ആരവങ്ങൾ തീർക്കുന്ന സന്തോഷങ്ങളുടെ ഭൂഖണ്ഡങ്ങളിൽ ദേശാടനം നടത്തുന്നവരാണ് നിലവിൽ നാരങ്ങയും ക്യാരറ്റും. 

സ്വന്തമായി ഒരു കുമ്പിൾ ക്ലബ്ഹൗസ് റൂമുകളും, പോരാത്തതിന് നാപ്പത്തേഴ് സബ്‌സ്‌ക്രൈബേഴ്‌സൊക്കെയുള്ള ഒരു യൂട്യൂബ് ചാനലിന്റെ മുതലാളിയുമാണ് (എക്സ്)ആർജെയും, എഴുത്തുകാരിയും, പ്രാസംഗികയുമായ നാരങ്ങ. 

എങ്ങനെയാണ് അവർ നാരങ്ങയും ക്യാരറ്റും ആയത് ? 

ഇതൊരു കഥയിലാത്ത കഥയാണ്.

ഒരിക്കൽ അയാൾ നാരങ്ങ നന്ദികുറിച്ച ക്ലബ്ഹൗസ് റൂമിൽ പ്രവേശിക്കുന്നു  (അന്ന് അയാൾക്ക് നാരങ്ങ എന്ന പേരില്ല).

കുശലാന്വേഷണങ്ങൾക്കിടയിൽ പാചകത്തിലേർപ്പെട്ട അയാളോട് എന്താണ് പാചകവിധേയമാക്കിയതെന്ന് നാരങ്ങ ആരായുന്നു.

അതിനുള്ള അയാളുടെ ഉത്തരമായിരുന്നു ക്യാരറ്റ്.

എന്നാൽ അവിടം മുതലല്ല അയാളെ ക്യാരറ്റെന്ന് നാരങ്ങ വിളിച്ചുതുടങ്ങുന്നത്.
കുറച്ചുനാളുകൾക്കിപ്പുറം മറ്റൊരു റൂമിലെ കുശാലാന്വേഷണവേളയിൽ ക്യാരറ്റ് തോരൻ അയാളുടെ പ്രത്യുത്തരത്തിൽ തുളുമ്പിനിന്നപ്പോൾ, ഓർമയുടെ ഭൂപടത്തിൽ നിന്നും നാരങ്ങ അയവിറക്കിയ ക്യാരറ്റ് സ്മരണയാണ് അയാളുടെ നാമധേയത്തിന് വളമായത്.

അയാൾക്കത് നന്നേ രസിച്ചു.

തന്നെ ക്യാരറ്റെന്ന് അഭിസംബോധന ചെയ്തയാളെ തിരിച്ചെന്ത് വിളിക്കണം എന്ന സമസ്യ അയാളുടെ അടുത്ത നാല് നിമിഷങ്ങൾക്ക് നിശബ്ദത സമ്മാനിച്ചു.

തിരിച്ചെന്തെങ്കിലും വിളിക്കണം.

ഒരെത്തുംപിടിയും കിട്ടുന്നില്ല.

ആഹ്... സാരമില്ല... പോട്ടെ...

ദിവസങ്ങൾ കടന്നുപോയി. സന്ധിക്കുന്ന ഓരോ തവണയും ക്യാരറ്റ് വിളികളുടെ ആവൃത്തി കൂടി.

അങ്ങനെയിരിക്കെ, ഒരു ദിവസം ആനന്ദപൂരിതമായ ഒരു റൂമിൽ അയാൾ കേൾവിക്കാരനായെത്തുന്നു. അവിടെ അനുമോദനങ്ങളുടെയും അഭിനന്ദനങ്ങളുടെയും വർണ്ണങ്ങൾ പുരണ്ട ആശംസാവചനങ്ങൾ പാറിപ്പറക്കുന്നു. കുറച്ചുനാളുകൾ കൂടി കഴിഞ്ഞാൽ മലയാളത്തിന്റെ വാനമ്പാടി ഉദ്ഘാടനം ചെയ്ത് സമാരംഭിക്കാൻ തയ്യാറെടുക്കുന്ന ഒരു ഓൺലൈൻ റേഡിയോ ചാനലിന്റെ പിന്നാമ്പുറത്തുള്ളവർക്കായ് കൈമാറപ്പെട്ടവയായിരുന്നു അയാൾ കേട്ട മംഗളങ്ങൾ. 

ആ റേഡിയോ ചാനലിന്റെ പേര് റേഡിയോ ലെമൺ.

അപ്പോഴാണ് വനവാസകാലത്തെ യുധിഷ്ഠിരന് സൂര്യദേവന്റെ കയ്യിൽ നിന്നും അക്ഷയപാത്രം വരം കിട്ടിയകണക്ക് അത് സംഭവിക്കുന്നത് - തന്നെ ക്യാരറ്റ് എന്നവിളിച്ചയാളിതാ റേഡിയോ ലെമണിന്റെ ഭാഗമായ ആർജെമാരിൽ ഒരാൾ.

ഇനി അയാളെ ക്യാരറ്റെന്ന് വിളിച്ചാൽ അയാൾക്ക് തിരിച്ചുവിളിക്കാൻ ഒരു പേരായി - നാരങ്ങ.

ശ്രോതാക്കൾക്കിടയിൽ പമ്മിയിരുന്ന അയാളെ സംഭാഷണത്തിലേർപ്പെട്ടവരുടെ ഗണത്തിലേക്ക് ആരോഹണം ചെയ്യിക്കാൻ അയാൾക്കൊരു കൈ കിട്ടി. 

അയാൾ വിമ്മിഷ്ടം കാണിച്ചില്ല.

മുകളിലേറി.

അത് സംഭവിച്ചു, അയാളെ ക്യാരറ്റെന്ന് വിളിച്ചുകൊണ്ട് അതാ വീണ്ടും ആ ശബ്ദം.

ആ ശബ്ദത്തിനുടമയ്ക്ക് തിരികനൽകാൻ ഇപ്രാവശ്യം അയാൾക്കോരു പേരുണ്ട് - നാരങ്ങ.

ഇനിയങ്ങോട്ടുള്ള കേട്ടുമുട്ടലുകളിൽ നാരങ്ങ എന്നത് ക്യാരറ്റിനുള്ള മറുപടിയാകുന്നു.

ഇൻസ്റ്റഗ്രാമിൽ അയാളുടെ പോസ്റ്റുകൾക്ക് പോലും ക്യാരറ്റും നാരങ്ങയും കമന്റുകളായി മാറുന്നു.

ക്യാരറ്റ് എന്ന് വിളിച്ചാൽ നാരങ്ങ എന്ന് മറുവിളികേൾക്കുമെന്ന് അറിയാം, എങ്കിലും  മിഠായിത്തം മാറാത്ത ജീരകമിഠായികൽക്കിടയിലും, തമിഴ്ഗാനപ്രേമികൾക്കായ് മാത്രം വാതായനങ്ങൾ മലർക്കെ തുറന്നിടാറുള്ള പാട്ടുമുറികൾക്കുള്ളിലും നമ്മുടെ നീലപ്പൂമ്പാറ്റയുമൊത്ത് നാരങ്ങയും ക്യാരറ്റും അലസമായ് വിലസുന്നു.

എന്ന്, 
ക്യാരറ്റ് 🥕





Thursday, August 4, 2022

മുറിവേറ്റവർ

ഞാൻ എന്നേക്കും പ്രിയപ്പെട്ടവളാണെന്നു വീണ്ടും വീണ്ടും അവൻ തോന്നിച്ചു കൊണ്ടേ ഇരുന്നു..ഞാനില്ലാതെ ഒരു നിമിഷം പോലും അവൻ ജീവിച്ചിരിക്കില്ല എന്ന് വരെ അവൾക്കു   തോന്നിപോയി.. 

ചിലർ അങ്ങിനെ ആണ് … ചില തോന്നിപ്പ്പിക്കലുകൾ നമ്മളിൽ സൃഷ്ടിക്കാൻ മറ്റുള്ളവർക് കഴിയും.പക്ഷെ യാഥാർഥ്യബോധത്തിൽ നിന്നും അകന്നു ഒരിക്കലും കയ്യെത്തിപിടിക്കാൻ കഴിയാത്ത അല്ലെങ്കിൽ വെറും ആഗ്രഹങ്ങൾ  കൊണ്ട് കെട്ടിപ്പടുത്ത മനോരാജ്യത്തിൽ തിരിച്ചറിവില്ലാത്ത മയങ്ങി നടക്കുന്ന ഹൃദയങ്ങളോട് പറയാനുള്ളത് ഒന്നേ ഒള്ളു.. നീ നിനക്ക് തന്നെ പ്രിയപ്പെട്ടവൾ ആയിരിക്കുക..

നീ ശ്വസിക്കുന്നതിനേക്കാൾ വേഗത്തിൽ നിന്നെ തട്ടിയെടുത്തു പറക്കാൻ ഇവിടെ കഴുക              കണ്ണുകൾ തക്കം പാർത്തിരിക്കുന്നുണ്ട്.നിന്റെ ബലഹീനതകൾ ഒറ്റ നോട്ടം കൊണ്ട്          ഒപ്പിയെടുക്കാൻ കഴിവുള്ളവർ..നിന്നിലേക്ക്‌ ചൂണ്ടയെറിഞ്ഞു നീ പോലും   അറിയാതെ നിന്റെ വികാരവിചാരങ്ങളെ മാറ്റിയെഴുതുന്നവർ..നിന്നിലെ അവസാന തുള്ളി രക്തവും ഊറ്റിയെടുത്തു അവർ തിരിഞ്ഞു നടക്കുമ്പോൾ ഒരു ആശ്വാസത്തിനു ഒന്ന്എങ്ങി   കരയാൻ പോലും നിന്നിൽ കണ്ണുനീർ തുള്ളികൾ അവശേഷിച്ചിരിക്കില്ല..
അവർ പടയൊരുക്കം നടത്തുമ്പോഴേ നീ അറിയണം..
നിന്നിലേക്കുള്ള വഴിയിൽ വെച്ചേ അവരെ തിരിച്ചറിയണം.. മടക്കി                   അയക്കേണ്ടവരാണെകിൽ അങ്ങനെ ..ഒരു വട്ടം തോല്പിക്കപ്പെട്ടേക്കാം ..പക്ഷെ പലവട്ടം ….??
തിരിച്ചറിവ്  ..അത് ആർജിച്ചെടുക്കേണ്ടതാണ് …
ശുഭദിനം

- ബട്ടർഫ്‌ളൈ







Wednesday, August 3, 2022

ഞാനൊരു കടൽ

കടൽമണമുള്ളൊരാളുമായി കുറച്ചു കടൽവികാരങ്ങൾ പങ്കിട്ടു. 

എനിക്കെന്താണ് കടലിനോടിത്ര താല്പര്യം എന്ന ചോദ്യത്തിന് മറുപടിയായ് ഞാൻ പാടിയത്:

ഞാനൊരു കടൽ... 
എന്നുള്ളിലൊരു കടൽ... 
കടലിൽ നിന്നും കടലിലേക്കൊഴുകുന്ന 
കരിനീല, തെളിനീല കടൽ... 

അയാൾക്ക് ഇപ്പൊത്തന്നെ കടലിന്നടിയിൽ പോകണമത്രേ... 
കടലാഴത്തിലെ മണൽമെത്തയിൽ അന്തിമയങ്ങണമത്രേ... 
ഞാനയാളേം കൊണ്ട് 
വാക്കുകൾ മെനഞ്ഞ കടൽലോകത്തേക്ക് പോയി. 

ഞങ്ങളിരുവരും കിളിമീനുകളോട് കിന്നാരം പറഞ്ഞു...
നക്ഷത്രമത്സ്യങ്ങൾകൊണ്ട് നക്ഷത്രമാല തീർത്തു...
കണവകളോട് കൂന്തൽ കടം മേടിച്ച് തോരണങ്ങളൊരുക്കി... 
മത്തികുഞ്ഞുങ്ങളും നത്തോലികളും പതിവായി ഏർപ്പെടാറുള്ള ഒളിച്ചുകളിയിൽ ഞങ്ങളും കൂട്ടുകൂടി... 
കടൽപ്പായലുകൾക്കുള്ളിൽ പതുങ്ങിയിരുന്ന് നീലത്തിമിംഗലത്തിന്റെ ഘനഗർജിതാലാപനത്തിന് കാതുകളേകി...  
കടൽകുതിരകളുടെ മേലിലേറി മത്സ്യകന്യകയെ കാണാൻ പോയി... 
ഉയിരുള്ള കാലം വരെയും കണ്ണഞ്ചിപ്പിക്കുന്ന കടൽക്കാഴ്ച്ചകൾ കപ്പം കൊടുക്കാതെ കാണാനുള്ള വരത്തിനായ് നിവേദനം സമർപ്പിച്ചു...

അപരിചിതരായ കടലിന്റെ രണ്ടു കമിതാക്കൾ ആധുനിക സാങ്കേതിക സമതലഭൂമിയിൽ  സംഗമിച്ചാൽ ചുരുങ്ങിയ സമയംകൊണ്ട് പങ്കിടാൻ പറ്റുന്നതിന്റെ പരമാവധി കടലനുഭവങ്ങൾ അന്യോന്യം കൈമാറി ഞങ്ങൾ. 
ഇടനെഞ്ചിലെവിടെയോ അന്ന് ഞങ്ങൾ 
പൊതുവായി അനുരാഗം പങ്കിട്ട 
കടലിൻ്റെ ഓർമ്മകൾ അയവിറക്കി. 
അയാളുമൊരു കടലാണ്... 
അയാൾക്കുള്ളിലും കടലാണ്... 
അയാളും പതിവായി കടലിൽ നിന്നും 
കടലിലേക്കൊഴുകാറുണ്ട്...

ഫ്രഡി












💕Valentine’s Day Celebration - Feb 15, 8 PM IST

IMPORTANT DISCLAIMER We will be writing letters, dedicating songs, and highlighting members throughout the event. If you do not wish to part...