റ്റാറ്റൂസ്
റ്റാറ്റൂസ്
കുഞ്ഞുന്നാളിൽ ഒക്കെ ഒരു മിഠായി കഴിക്കാൻകൊതിച്ചിട്ടുണ്ട് കൂട്ടുകാരുടെ അച്ഛനോ മാമനോ ഒക്കെ gulf നിന്നും കൊണ്ടുവന്ന നല്ല പച്ചയും മഞ്ഞയും ചുവപ്പും കളറുള്ള കവറിൽ പൊതിഞ്ഞ
മിഠായികൾ. ആ ഭംഗിയുള്ള മിഠായി പൊതികൾ കാണിക്കുമ്പോഴെല്ലാം ഉള്ളിലെ സങ്കടങ്ങൾ കുന്നുകൂടും എനിക്കും കൊണ്ടുത്തരാൻ ആരേലും ഉണ്ടായിരുന്നെങ്കിൽ എന്ന്. സങ്കടം കൊണ്ട് കലങ്ങിയ കണ്ണുകളോടെ അമ്മയോട് ചോദിക്കും അമ്മേ നമുക്കാരൂല്ലേ ഗൾഫിൽ നിന്നും മിഠായി ഒന്നും കൊണ്ട് തരാൻ അതുകേട്ടു 'അമ്മ ദേഷ്യത്തോടെ പറയും പിന്നെ ഒരു നേരം പോലും വയറു നിറഞ്ഞു ഭക്ഷണം കഴിക്കാനില്ല നാളെ ഇതും ഉണ്ടോ എന്നറിയില്ല അപ്പോഴാ നിന്റെ മിഠായി കടന്നു പൊയ്ക്കോണം". അതോർക്കുമ്പോൾ ഈ മിഠായി കൊതിയൊക്കെ അത്യാഗ്രഹം തന്നെയെന്ന് തോന്നും.
എങ്കിലും ഓർക്കും ആരെങ്കിലും
ഒരു കഷ്‌ണമെങ്കിലും കൈവെള്ളായിൽ വച്ചിരുന്നെങ്കിൽ അതിലൊരു പോട്ടെടുത്തു നാക്കിൽ വെച്ച് നൊണയണമെന്ന്. സ്കൂളിലെ ക്ലാസ്സ് റൂമിൽ അവർ കഴിച്ചിട്ട മിഠായിടെ കവർ കാണുമ്പോൾ ആരും കാണാതെഅതെടുത്തു ബുക്കിന്റെ ഇടയിൽ ഒളിപ്പിച്ചു വെക്കും.വീട്ടിൽ വന്നു ഇടക്കിടക്കി മണത്തു നോക്കുമായിരുന്നു. കാലങ്ങൾ കടന്നുപോയെങ്കിലും ആഗ്രഹങ്ങൾ അത് ആഗ്രഹങ്ങളായി തന്നെ മനസ്സിൽ കിടന്നു . ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ നിന്നും കിട്ടിയ ഒരു സൗഹൃദം. ഞങ്ങളുടെ ഏതോ ഒരു ചാറ്റിനിടയിൽ
ഞാൻ ചോദിച്ചു ചേച്ചിയെന്ന നാട്ടിൽ വരുന്നേ വരുമ്പോൾ ഞാൻ ചേച്ചിടെ അടുത്ത് വന്നോട്ടെ കാണാൻ ഓ അതിനെന്താ വന്നോളൂ ഞാൻ ഈ അടുത്ത് വരുന്നുണ്ട് അപ്പോൾ നമുക്ക് കാണാട്ടോ " പഴയ ഒരു ആഗ്രഹം മനസ്സിലുണ്ടല്ലോ അതൊന്നു പൊടിതട്ടിയെടുത്തു ഞാൻ പറഞ്ഞു വരുമ്പോൾ എനിക്ക് ചോക്ലേറ്റ് കൊണ്ടുവരണേ എന്ന് ഒരു തമാശയിലൂടെ ആണ് പറഞ്ഞത് എങ്കിലും മറക്കാതെ എനിക്ക് വേണ്ടി കൊണ്ടൊന്നു ഞങ്ങളുടെ ആദ്യ കണ്ടുമുട്ടലിൽ തന്നെ എനിക്ക് വേണ്ടി കരുതിവച്ചത് ആ മിഠായി പൊതിയായിരുന്നു. അന്ന് എന്റെ കണ്ണുകൾ ഞാൻ പോലുമറിയാതെ നിറഞ്ഞിരുന്നു അതുപോലെ മനസ്സും. അന്ന് ആ മിഠായിപൊതി എനിക്ക് നേരെ വച്ച് നീട്ടിയപ്പോൾ എനിക്കുണ്ടായ സന്തോഷം ഒരു കൊച്ചുകുട്ടിക്ക് ഒരു കളിപ്പാട്ടം കിട്ടിയപോലായിരുന്നു. ആ മിഠായിൽ ഒന്നെടുത്തു കഴിക്കുമ്പോൾ ഞാൻ ആ കുഞ്ഞു കുട്ടിയായി മാറിയിരുന്നു . ആ വലിയ ആഗ്രഹത്തിന്റെ മധുരം നുകരുമ്പോൾ ഉള്ളുകൊണ്ട് ഞാൻ വെറുതെയെങ്കിലും ആഗ്രഹിച്ചു അന്ന് എന്നെ കാണിച്ചു കഴിച്ച കൂട്ടുകാർ ഇപ്പോൾ മുന്നിലുണ്ടായിരുന്നെങ്കിൽ . എനിക്ക് പറയായിരുന്നു "എടോ എനിക്കും മിഠായികൾ കൊണ്ടുതരാൻ ആളുണ്ടെന്ന്"
പില്ലു. ✒️
ഇത്രയും മനോഹരമായ സഹൃദവും അതുപോലെ ആഗ്രഹങ്ങൾ സാക്ഷത്കരിക്കാൻ നിമിത്തമായ ജീരകമിഠായ്കളിലെ എല്ലാ മധുര മിഠാകൾക്കും ഒത്തിരി നന്ദി.
റ്റാറ്റൂസ്
കുഞ്ഞേ ,
നിന്നോടുളള സ്നേഹത്താലമ്മതന്നുള്ളം നിറയുന്നു.
നിൻ സ്വരമിങ്ങൊന്നു കേൾപ്പാൻ
കാതുകൾ തിരയുന്നു.
നിൻ ചിരിയൊന്നു കാണുവാൻ
കണ്ണുകൾ തിരയുന്നു..
നിൻ മൂർദ്ദാവിലായിരമുമ്മകളേകി
നിൻമേനി നെഞ്ചോടു ചേർപ്പാനീ മനം തുള്ളിത്തുടിക്കുന്നു.
- റ്റാറ്റൂസ്
ആദ്യാനുരാഗത്തിന്‍ മന്ദസ്മിതവുമായി
എന്നിലേയ്ക്കൊഴുകി എത്തിയവളെ
നിന്‍ മൃദു ഹാസത്തില്‍ ഞാനെന്നെ മറന്നു
നിൻ അഴകുള്ള പുഞ്ചിരി കാണുവാൻ ഓമലെ
ഞാനെന്നും കൊതിക്കുന്നു
അകന്നു നീ പോകല്ലേ
ഈ പാൽ പുഞ്ചിരിയുമായി
- റ്റാറ്റൂസ്
ഞായാറാഴ്ച നേരം പുലർന്നു വരുമ്പോഴേ ഞങ്ങൾ കുളിച്ചു തയാറായിട്ടുണ്ടാവും. കാരോട്ടെ പള്ളിയിൽ കുർബാനയ്ക്ക് പോകാൻ കുട്ടിക്കൂട്ടങ്ങൾ വാതിൽക്കൽ വന്നു വിളി തുടങ്ങും. ഒന്നാം കുർബാനയ്ക്ക് പോകുന്നതിനു ഒരു കാരണമുണ്ട്. എട്ടു മണിക്ക് കുർബാന തീർന്നാൽ ഓടി പാഞ്ഞു വീട്ടിൽ വന്നു 8.30യുടെ വംശം, 9ന്റെ ശ്രീകൃഷ്ണ ഒക്കെ കാണാം. താഴത്തെ പളളിയിൽ കുർബാന താമസിച്ചേ കഴിയൂ. വെളുപ്പിനെ കുളിച്ചൊരുങ്ങി പോകാൻ ഇറങ്ങുമ്പോൾ പത്രം വരും. സിനിമ പേജ് നോക്കി നാലു മണിക്കത്തെ സിനിമ തിരനോട്ടത്തിൽ പറഞ്ഞത് തന്നെ എന്ന് ഉറപ്പിക്കും.
കല്ലുപാലം വളവു തിരിഞ്ഞാൽ കാണാം. കൊച്ചോലചേട്ടനും മകൻ സെൽവനും വെളുപ്പിനെ അറവ് തുടങ്ങിക്ക്ഴിഞ്ഞു. നല്ല കൊഴു കൊഴുത്ത ചുവന്ന പോത്തു നുറുക്കുകൾ ഇടയ്ക്കിടയ്ക്ക് വെളുത്ത അലുക്കുകളിട്ടു തൂക്കിയിരിക്കുന്നു. ആളുകൾ വന്നു തുടങ്ങുന്നതെ ഉള്ളൂ. കുർബാന കഴിഞ്ഞു വന്നു കുമുകുമാന്നു പോത്തു കൂട്ടുന്നതോർത്തു പള്ളിയിൽ നിന്നാൽ പോലും സമാധാനം ഉണ്ടാവില്ല. കൊറക് തിരിച്ചു വാങ്ങുന്ന ഇറച്ചിയുടെ സ്വാദ് നാക്കിൽ അടുത്ത ഞായർ വരെ തത്തി കളിക്കും.
മടി പിടിച്ചു പള്ളിയിൽ പോകാത്ത ഞായർ പ്രഭാതങ്ങളിൽ ഇറച്ചിയുടെ വരവ് ഒരു ഉത്സവം തന്നെയാണ്. അമ്മ അടുക്കളപ്പടിയിലിരുന്ന് ചിരട്ടയിൽ ഒരു കത്തി വിലങ്ങനെ കുത്തി നിർത്തി,പിച്ചാത്തിപ്പിടിയിൽ കാൽ വിരലുകൾ കൊണ്ട് അമർത്തിപ്പിടിച്ചു ഇറച്ചി നല്ല ചെറുസമചതുരങ്ങളായി മുറിച്ചെടുക്കും. കുറച്ചു നെയ്യും കൂട്ടത്തിൽ ഇടും. ചവ്വ് ഒക്കെ വേറെ മാറ്റി വെക്കും. കഴുകി വാരി വെച്ച പോത്തിറച്ചിക്ക് കാവലാണ് ഞാൻ. മുളകും മല്ലിയും വറക്കുമ്പോൾ ഞാൻ കറിവേപ്പില പറിക്കാൻ പായും. അമ്മച്ചിയുടെ പറമ്പിലെ കറുവാപ്പട്ടയിലയും കൊടിയേന്ന് പച്ചകുരുമുളകും പറിച്ചു ഞാൻ തിരിച്ചെത്തും.
വറുത്ത മുളക് മല്ലി ഗ്രാമ്പൂ കറുവപ്പട്ട, താക്കോലം പെരുംജീരകം കുരുമുളക് ഒക്കെ വെള്ളം തൊടാതെ അരച്ച് അമ്മ കൊണ്ടുവന്നു പാതകത്തിൽ വെക്കും. നല്ല വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു കൊച്ചുള്ളി വഴറ്റി ഇഞ്ചിയും വെളുത്തുള്ളിയും നിർലോഭം ഇട്ടു തേങ്ങാക്കൊത്തും ചേർത്തു നന്നായി വഴറ്റും. ശേഷം ഈ അരപ്പ് അങ്ങ് ഇട്ടു കൊടുക്കും. ഉപ്പിട്ട് അരപ്പും ചേർത്ത് എണ്ണ തെളിയും വരെ വഴറ്റും. എനിക്ക് ഏറ്റവും ഹൃദ്യമായ ഗന്ധം വീട് മുഴുവൻ പരക്കും. തീ ചെറുങ്ങനെ വെച്ച് ഇത്തിരി മാത്രം വെള്ളം ഒഴിച്ച് കൽച്ചട്ടിയിൽ കിടന്നു പോത്തങ്ങനെ വെന്തു വരും. കുടഞ്ഞിട്ടു ചാറു വറ്റിച്ചു തേങ്ങാക്കൊത്തും വറത്തിട്ടു കറിവേപ്പിലയും തൂകി അടുപ്പിൽ നിന്ന് ഇറക്കി വെച്ചാൽ മനസിലും വായിലും രുചിയുടെ ഇലഞ്ഞിത്തറമേളം.
പിൽക്കാലത്തു ഇറച്ചിമസാല പാക്കറ്റ്കൾ അടുക്കള കീഴടക്കി. കുക്കറിൽ കൂവി വേവിക്കുന്ന ഇറച്ചി ആയി. കൊച്ചോലചേട്ടൻ മരിച്ചു. സെൽവൻ ഗവണ്മെന്റ ജീവനക്കാരനായി. അറവ് നിന്നു. നാട്ടിൽ കോൾഡ് സ്റ്റോറേജുകൾ വന്നു. പോത്തു തിന്നാൻ ഞായാറാഴ്ചയോ പെരുന്നാളോ നോക്കി ഇരിക്കേണ്ട എന്നായി.
ഞാൻ കല്യാണം കഴിച്ചു നാട് വിട്ടപ്പോൾ എന്നേക്കാൾ ഇറച്ചികൊതിയുള്ള ഭർത്താവ് കൂടെ ഉണ്ടന്ന് സന്തോഷിച്ചു. മാളവ്യ നഗറിലെയും മെഹറോളിയിലെയും ഉത്തംനഗറിലെയും ഉത്തരേന്ത്യൻ ബീഫ് കടകൾ ഞങ്ങളുടെ കൊതി ശമിപ്പിച്ചു. വീട്ടിലിരുന്ന് ഫോൺ ചെയ്താൽ മംഗളാപുരിയിൽ നിന്ന് പോത്തിറച്ചി വാങ്ങി കൊണ്ട് വരുന്ന ജോയ്‌ചേട്ടന് എത്ര നന്ദി പറഞ്ഞാലും പോരാ. അമ്മ വെയ്ക്കുന്ന അത്ര വരില്ലെങ്കിലും ഞാൻ നന്നായി ഇറച്ചിക്കറി വെക്കും എന്നത് എന്റെ സ്വകാര്യ അഹങ്കാരമാണ്.
ഇന്നലെ വാർത്ത കേട്ട് ചടപടേന്ന് വാങ്ങി പടപട ഉണ്ടാക്കി മടമട തിന്ന പോത്താണ് ചിത്രത്തിൽ. ഇനി കഴിക്കാനാവുമോ എന്നറിയില്ല. എനിക്ക് അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ. ഈ പോത്തിറച്ചി ഇല്ലാതെ എന്നതാടാ ഉവ്വേ നമുക്ക് ഒരിത്?
-അസിൻ ജോർജ്ജ്
ചരൽ വിരിച്ച മുറ്റത്തിന്റെ പടിഞ്ഞാറേ അറ്റത്ത്, അലക്കുകല്ലിന് താഴെ ആകാശം നോക്കി കിടക്കുന്ന പാപ്പച്ചനെ നോക്കി കുഞ്ഞന്നാമ്മ അലറി
"ഏർണിയയുടെ ഓപ്പറേഷൻ കഴിഞ്ഞേച്ചും പത്തു തികഞ്ഞിട്ടില്ലാത്ത മനുഷ്യൻ ഇതെന്നാ കൂത്താ.പായിപ്ര ഡോക്ടർ എന്നതാ നിങ്ങളോട് പറഞ്ഞത്"
ഏതോ സ്വപ്നത്തിന്റെ പടിവാതിൽക്കൽ നിന്ന് തിരിച്ചു വിളിച്ചു കൊണ്ട് വരുന്നതിന്റെ അരിശം മുഴുവനും പാപ്പച്ചന്റെ മുഖത്തുണ്ടായിരുന്നെങ്കിലും ഒരക്ഷരം പറയാതെ ഏന്തി വലിഞ്ഞെണീറ്റ് അലക്കുകല്ലിൽ കയറിയിരുന്ന് കാലാട്ടിക്കൊണ്ട് അയാൾ ഭാര്യയോട് വളരെ ശാന്തനായി ആവശ്യപ്പെട്ടു.
"ടീ കുഞ്ഞന്നാമ്മോ കഞ്ഞി അനത്തിയേൽ ഇത്തിരി പറ്റിട്ട് കഞ്ഞിവെള്ളം ഇങ്ങു ഊറ്റിക്കേ"
ചവിട്ടിക്കുലുക്കി അകത്തേയ്ക്ക് പോയ കുഞ്ഞന്നാമ്മ ഒരു ചെരുവം കഞ്ഞി വെള്ളം കൊണ്ട് വന്ന് കൊടുത്തു.
നേരം വെളുക്കും മുൻപേ എഴുന്നേറ്റ് കഞ്ഞി വെച്ച്,ഉപ്പുമാങ്ങാ പൊട്ടിച്ചതും, കോവക്ക വെളിച്ചെണ്ണയിൽ പറ്റിച്ചതും കാലമാക്കി; കുളിച്ച്, ഉള്ളതിൽ നല്ല സാരിയും ഉടുത്ത് മണർകാട് പള്ളിയിൽ പെരുന്നാൾ കൂടാൻ പുറപ്പെടുകയായിരുന്നു കുഞ്ഞന്നാമ്മ. അപ്പോഴാണ് ഭർത്താവിന്റെ വിചിത്രമായ പെരുമാറ്റത്തെ കുറിച്ച് ആധിപൂണ്ട് അവർ കലി തുള്ളിയത്.
'മമോദിസയ്ക്ക് പള്ളിയിൽ പോയതാ ഇനി പാപ്പച്ചൻ പെട്ടിയിൽ കേറിയെ പള്ളിയിലോട്ടുള്ളൂ' എന്ന് കട്ടായം പറഞ്ഞിരിക്കുന്നത് കൊണ്ട് വീട്ടിൽ ഇരിയ്ക്കുന്ന കേട്ട്യോന് നിർദ്ദേശങ്ങൾ കൊടുത്ത് ഒരു കുടയും കക്ഷത്തിൽ വെച്ച് കുഞ്ഞന്നാമ്മ പള്ളിയിലോട്ടിറങ്ങി.
പോകുന്ന വഴിയിയ്ക്ക് ഓരോ വളവിലും, മുക്കിലും കാത്തു നിൽക്കുന്ന വനിതാസമാജത്തിലെ പെണ്ണുങ്ങളോട് പാപ്പച്ചന് ഓപ്പറേഷന് ശേഷം വന്ന മാറ്റങ്ങളെ കുറിച്ച് കുഞ്ഞന്നാമ്മ ആവലാതിപ്പെട്ടു.
നേരം വെളുക്കുമ്പോൾ കിടന്നപായ ചുരുട്ടി വെച്ച് അലക്കുകല്ലിന്റെ ചുവട്ടിൽ മാനം നോക്കി കിടക്കുക, പടിഞ്ഞാറ് വശത്തെ കായ്ക്കാത്ത പ്ലാവിനെ കെട്ടിപ്പിടിച്ചു പതം പറഞ്ഞു കരയുക, കുഞ്ഞന്നാമ്മയുടെ കണ്മണികളായ കോഴികളെ അറഞ്ചം പുറഞ്ചം എറിഞ്ഞോടിക്കുക എന്ന് തുടങ്ങി ചില ദിവസങ്ങളിൽ 'കാട്ടുതോടി'ന്റെ കരയിൽ രാത്രിയായത് അറിയാതെ ഇരുന്ന് ദിവസ്വപ്നം കാണുക, ചിലപ്പോഴൊക്കെ താൻ കൃഷ്ണനാണ് എന്ന് കരുതിയിട്ടോ എന്തോ, തോട്ടിൽ അടിച്ചു നനച്ചു കുളിക്കാൻ വരുന്ന കല്യാണിയുടെ വസ്ത്രങ്ങൾ മോഷ്ടിക്കുക, കണ്ടത്തിൽ മേയുന്ന ആരാന്റെ പശുക്കളെ തെളിച്ചു വീട്ടിൽ കൊണ്ട് വരിക എന്നിങ്ങനെ ലീലാവിലാസങ്ങൾ നീണ്ടു.
സഹികെട്ട് കുഞ്ഞന്നാമ്മ മാപ്പപേക്ഷയുമായി പലവട്ടം കല്യാണിയെ പോയി കണ്ടു.പാപ്പച്ചന് സുഖമാകും വരെ തോട്ടിൽ കുളിക്കാൻ വരരുത് എന്ന് വരെ താണ്കേണപേക്ഷിച്ചു.
പലവട്ടം കുഞ്ഞന്നാമ്മ ഗീവർഗീസ് പുണ്യാളനോടും, യൽദോ ബാവയോടും, മണർകാട് പള്ളി മാതാവിനോടും പരാതി പറഞ്ഞു. പായിപ്ര ഡോക്ടർ കുറിച്ചു കൊടുത്ത മഞ്ഞഗുളിക ചോറിൽ പൊടിച്ചിട്ടു കൊടുത്തു. ഒരു മാറ്റവും കണ്ടില്ല.
നടതുറക്കുന്ന ഏഴാം തീയതി മണർകാട് പള്ളിയുടെ കൽക്കുരിശിങ്കൽ നിന്ന് മാതാവിനോട് നേരിട്ട് സങ്കടം പറയാനാണ് ഇപ്പോൾ കുഞ്ഞന്നാമ്മയുടെ പോക്ക്. കുഞ്ഞന്നാമ്മ പറയുന്നത്
"മറുകാട്ടമ്മ അതിയാന്റെ തല നേരെയാക്കും" എന്നാണ്.
കറിനേർച്ച കൗണ്ടറിൽ കാശടച്ച്, രൂപ എൺപത് കൊടുത്തു ഒരു കുപ്പി എണ്ണയും വാങ്ങി ചങ്ക് പൊട്ടി നിലവിളിച്ചു കൊണ്ട് അവർ കൽക്കുരിശിങ്കലേക്ക് നടന്നു. വെള്ളാരം കല്ലുകളിൽ ചവിട്ടി കാലുകൾ പൊള്ളിയടരുന്നത് അവർ സാരമില്ലെന്നു വെച്ചു. നടതുറന്ന് നിമിഷങ്ങൾ മാത്രമായിരുന്നുള്ളൂ. ജനം തിക്കിത്തിരക്കി കൊണ്ടിരുന്നു. കൽക്കുരിശിന് മുൻപിൽ വെച്ചിരിക്കുന്ന ക്ലോസ്സ്സർക്യൂട്ട് ടി.വി.യിൽ മാതാവും ഉണ്ണിയേശുവും തെളിഞ്ഞു.
കുഞ്ഞന്നാമ്മ നിലവിളിച്ചു കൊണ്ട് കാര്യം പറഞ്ഞു പ്രാർത്ഥിച്ചു. ഇടയ്ക്കിടയ്ക്ക് മാതാവിന്റെ മുഖത്തേയ്ക്ക് നോക്കി. പുഞ്ചിരിയല്ലാതെ മറ്റൊന്നും കാണാൻ ഇല്ല. ഇത് വരെ ഇല്ലാത്ത ശാന്തതയോടെ അവർ പെരുന്നാൾ കൂടി.
അന്നേരം പാപ്പച്ചനാകട്ടെ, പിടിവിട്ടത് പോലെ ഒഴുകിപ്പോകുന്ന കാട്ടുതോടിന്റെ കരയിൽ കൈലി മാടിക്കുത്തി നിന്ന്, തോട്ടിലേക്ക് ചാഞ്ഞു കിടക്കുന്ന തെങ്ങോലകളിൽ നിന്ന് ഈർക്കിൽ ചീന്തിയെടുത്ത് അതിവിചിത്രമായ ശബ്ദങ്ങൾ പുറപ്പെടുവിച്ചു കൊണ്ട് നാക്ക് വടിച്ചു. അനന്തരം നടന്നു തേഞ്ഞ പാരഗൺ ചെരുപ്പുകൾ അതിശ്രദ്ധയോടെ ഊരി വെച്ച് ചകിരി കൊണ്ട് ഉരച്ചു കഴുകിത്തുടങ്ങി. വൃത്തിയാക്കിയ ശേഷം, വെളുപ്പിൽ നീലവൃത്തങ്ങൾ അങ്ങിങ്ങായി കാണപ്പെടുന്ന ചെരുപ്പുകളെ ഇരട്ടകുട്ടികളെ എന്നപോലെ കയ്യിൽ അരുമയായി ചേർത്തു പിടിച്ചു കൊണ്ട് അവയെ ഉണക്കാൻ വെയ്ക്കാൻ വലിയൊരു പാറപ്പുറത്തേക്ക് വലിഞ്ഞു കയറി. തോടിനക്കരെ കരിമ്പിൻ കാട്ടിനുള്ളിലേക്ക് അരിവാളും കയറുമായി കയറിപ്പോകുന്ന കല്യാണി അപ്പോൾ മാത്രമാണ് പാപ്പച്ചന്റെ കണ്ണിൽ പെട്ടത്.അതു വരെ ഇല്ലാത്ത ഒരാവേശം സിരകളിൽ പടരുന്നത് അയാൾ അറിഞ്ഞു. തലയിൽ കെട്ടിയ തോർത്തുടുത്ത്, കൈലി പാറക്കെട്ടിൽ അഴിച്ചു വെച്ച് അയാൾ പെട്ടന്ന് തന്നെ തോട്ടിലേക്ക് എടുത്തു ചാടി. അക്കരെ നിന്ന് കല്യാണി കുണുങ്ങിച്ചിരിച്ചു. പാപ്പച്ചനെ കുഴക്കുന്ന കൊല്ലുന്ന ചിരി.
"ഇങ്ങനെ ചിരിക്കാതെന്റെ പൊന്നേ" എന്നും പറഞ്ഞാണയാൾ തീരമണഞ്ഞത്. കരിമ്പിൻകാട്ടിലേക്ക് ചിരിച്ചു കൊണ്ട് ഓടി മറഞ്ഞ കല്യാണിക്ക് പുറകെ അയാൾ പാഞ്ഞു പോയി.
കുഞ്ഞന്നാമ്മ പള്ളിയിൽ നിന്ന് തിരികെ വരുമ്പോൾ കടപഴുകി വീണ, കായ്ക്കാത്ത പ്ലാവിനെ നെറുകയിൽ ഏറ്റുവാങ്ങി തലതകർന്ന് വിറങ്ങലിച്ചു കിടക്കുകയായിരുന്നത്രെ പാപ്പച്ചൻ. തൊഴുത്തിൽ ആരുടെയൊക്കെയോ പശുക്കൾ നിന്ന് അമറുന്നുണ്ടായിരുന്നു, അലക്കുകല്ലിൽ ഒരു മുണ്ടും ബ്ലൗസും ചുരുട്ടി വെച്ചിരുന്നു. കുഞ്ഞന്നാമ്മയുടെ കോഴികൾ പേടിച്ചരണ്ട് കൊത്തിപ്പെറുക്കി തലങ്ങും വിലങ്ങും പാഞ്ഞു നടന്നിരുന്നത്രേ.
(ഇതിലെ കഥാപാത്രങ്ങൾക്ക് ജീവിച്ചിരിക്കന്നവരോ മരിച്ചുപോയവരോ ആയ ആരോടെങ്കിലും സാദൃശ്യമുള്ളതായി തോന്നുന്നെങ്കിൽ അത് കേവലം മനപ്പൂർവമാണ്😎😉)
-അസിൻ ജോർജ്ജ്
IMPORTANT DISCLAIMER We will be writing letters, dedicating songs, and highlighting members throughout the event. If you do not wish to part...